ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകം
അമേരിക്കൻ ഐക്യനാടുകളിലെ കറുത്തവർഗ്ഗകാരനായിരുന്ന ജോർജ്ജ് ഫ്ലോയ്ഡ്നെ വ്യാജ കറൻസി കൈവശം വച്ചെന്ന കുറ്റമാരോപിച്ച് പോലീസുകാർ കൊലപ്പെടുത്തിയ സംഭവമാണ് ജോർജ്ജ് ഫ്ലോയിഡിൻ്റെ കൊലപാതകം എന്ന പേരിൽ അറിയപ്പെടുന്നത്. 2020 മെയ് 25 ന് അമേരിക്കൻ ഐക്യനാടുകളിലെ മിനസോട്ടയിലെ മിനിയാപോളിസ് നഗരത്തിൽ, വ്യവസായിക കേന്ദ്രത്തിനു തെക്ക് വശത്തുള്ള അയൽപ്രദേശമായ പൗഡർഹോൺ എന്ന സ്ഥലത്താണ് ജോർജ്ജ് ഫ്ലോയിഡിൻ്റെ കൊലപാതകം നടന്നത്. ഡെറെക് ഷോവിൻ എന്ന കുറ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥൻ ഏകദേശം 8 മിനിറ്റ് 46 സെക്കൻഡ് സമയം ഫ്ലോയിഡിൻ്റെ കഴുത്തിൽ മുട്ടുകുത്തി ശ്വാസം മുട്ടിച്ചപ്പോഴാണ് മരണം സംഭവിച്ചത്. ഇതിൽ 2 മിനിറ്റ് 53 സെക്കൻഡ് സമയം ഫ്ലോയിഡിൻ്റെ പ്രതികരണശേഷി നഷ്ടപ്പെട്ടിരുന്നു. ഇദ്ദേഹത്തിൻ്റെ മുഖം റോഡിൽ ചേർന്നു കിടക്കുകയായിരുന്നു. "എനിക്ക് ശ്വാസം മുട്ടുന്നേ" എന്ന് ജോർജ്ജ് ഫ്ലോയിഡ് പല തവണ യാചിച്ചിരുന്നു. തോമസ് കെ. ലെയ്ൻ, ടൗ താവോ, ജെ. അലക്സാണ്ടർ കുവെംഗ് എന്നിവരാണ് കുറ്റാരോപിതരായ മറ്റു പോലീസ് ഉദ്യോഗസ്ഥർ. ഇവർ ചേർന്നാണ് ഫ്ലോയിഡിനെ അറസ്റ്റ് ചെയ്തത്. ഫ്ലോയിഡ് പിടിയിൽനിന്നു രക്ഷപ്പെട്ടു പോകാതെ ലെയ്ൻ കാലുകൾ അമർത്തിപ്പിടിച്ചപ്പോൾ മറ്റൊരു പോലീസുകാരനായ കുവെങ് ഫ്ലോയിഡിനെ തടഞ്ഞുനിർത്തി, അതേസമയം താവോ സമീപത്ത് ഇതെല്ലാം നോക്കി നിന്നു. ഷോവിനെയും കൊലപാതകത്തിൽ പരോക്ഷമായി പങ്കാളികളായ മറ്റ് മൂന്ന് ഉദ്യോഗസ്ഥരെയും പിറ്റേന്ന് ജോലിയിൽനിന്ന് പുറത്താക്കുകയും ചെയ്തു.